20-April-2023 -
By. news desk
കൊച്ചി: എസ് എസ് എല്‍ സി പരീക്ഷാഫലം മെയ് 20നകവും പ്ലസ് ടു പരീക്ഷാ ഫലം മെയ് 25നകവും പ്രഖ്യാപിക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. എറണാകുളത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. മധ്യവേനല്‍ അവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കാനുള്ള മുന്നൊരുക്കങ്ങള്‍ ഇപ്പോള്‍ തന്നെ ആരംഭിച്ചതായി മന്ത്രി വ്യക്തമാക്കി.എസ്എസ്എല്‍സി യുടെയും സിബിഎസ്ഇ പത്താം ക്ലാസിന്റെയും റിസള്‍ട്ട് വരുന്നതിനനുസരിച്ച് പ്ലസ് വണ്‍ അഡ്മിഷന്‍ നടപടികള്‍ ആരംഭിക്കും. ഹയര്‍ സെക്കന്‍ഡറി ബാച്ച് പുനക്രമിക്കുന്ന കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പരിഗണിച്ച് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.സര്‍ക്കാര്‍ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ നിലനിര്‍ത്തുന്നതിനായി കണ്ടിജന്‍സി അസിസ്റ്റന്‍സ് ഫോര്‍ സസ്റ്റനന്‍സ് ഓഫ് സ്‌കൂള്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പദ്ധതി മുഖേന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.
സ്‌കൂളുകളില്‍ പിടിഎയുടെ സഹായത്തോടെ ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിനും കിണറുകളും ടാങ്കുകളും ശുദ്ധീകരിക്കുന്നതിനും ഉള്ള നടപടികള്‍ മെയ് 30ന് മുന്‍പ് പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കും.സ്‌കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന് ഗ്രീന്‍ ക്യാമ്പസ് ക്ലീന്‍ ക്യാമ്പസ് പദ്ധതി നടപ്പാക്കും.സ്‌കൂളുകളിലെ പച്ചക്കറിത്തോട്ടം സ്‌കൂള്‍ അവധിക്കാലത്ത് നശിച്ചു പോകാതെ സംരക്ഷിക്കുന്നതിന് സ്‌കൂളിന് സമീപമുള്ള വിദ്യാര്‍ത്ഥികളുടെയും പ്രാദേശിക കര്‍ഷക സമൂഹത്തിന്റെയും സ്‌കൂളുകളിലെ വിവിധ ക്ലബ്ബുകളുടെയും അധ്യാപകരുടെയും രക്ഷകര്‍ത്താക്കളുടെയും സഹകരണത്തോടെ സ്‌കൂള്‍ ഉച്ചഭക്ഷണ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരിപാലിക്കുന്നതിനുള്ള നിര്‍ദ്ദേശം നല്‍കി.ജൂണ്‍ ഒന്നിന് തന്നെ പ്രവേശനോത്സവം നടത്തും. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. വരുന്ന അധ്യയന വര്‍ഷം വിതരണം നടത്തേണ്ട ഒന്നാം വാല്യം പാഠപുസ്തകങ്ങളുടെ എണ്ണം 2,82,47,520 ആണ്. ഇതില്‍ 1,74,60,775 പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയാക്കി വിതരണം പുരോഗമിക്കുന്നു.കൈത്തറി യൂണിഫോം വിതരണവും പുരോഗമിക്കുന്നു.
41.5 ലക്ഷം മീറ്റര്‍ തുണിയാണ് വിതരണം ചെയ്യുന്നത്. കുട്ടികള്‍ക്ക് നല്‍കുന്ന അഞ്ചു കിലോഗ്രാം അരിയുടെ വിതരണം പൂര്‍ത്തിയായി. എല്ലാ ജില്ലകളിലും ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് മാരുടെ യോഗം പൊതു വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ മെയ് അഞ്ചു മുതല്‍ 15 വരെ ജില്ലാതലത്തില്‍ വിളിച്ചുകൂട്ടുന്ന നടപടി ആരംഭിച്ചു.സ്‌കൂളുകളില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് രൂപീകരിച്ച സമിതികളുടെ പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കും. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളോട് അനുബന്ധിച്ച് അധ്യാപക രക്ഷാകര്‍തൃ സമിതികളുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന അംഗീകൃത പ്രീ പ്രൈമറി സ്‌കൂളുകളിലെ അധ്യാപകര്‍ക്കും ആയമാര്‍ക്കും മാര്‍ച്ച് മാസം വരെയുള്ള ഓണറേറിയം വിതരണം ചെയ്തു.കുട്ടികളെ വിദ്യാലയങ്ങളിലേക്ക് ക്ഷണിക്കുന്നതിന് പരമാവധി അധ്യാപകര്‍ കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിക്കും. അവധിക്കാല രക്ഷകര്‍തൃ സംഗമം ഓരോ സ്‌കൂളുകളിലും സംഘടിപ്പിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.